Friday, September 19, 2008

പ്രണയകാലം ---- അനില്‍ പനചൂരാന്‍

അനില്‍ പനചൂരാന്‍റെ ഹൃദയ സ്പര്‍ശിയായ ഒരു പ്രണയ കാവ്യം ...

================================================

ഒരു കവിത കൂടി ഞാന്‍ എഴുതി വയ്ക്കാം
എന്‍റെ കരളില്‍ നീയെത്തുമ്പോള്‍ ഓമനിക്കാന്‍
ഒരു മധുരമായെന്നും ഓര്‍മ്മ വയ്ക്കാന്‍..
ചാരു ഹൃദയാഭിലാഷമായ് കരുതി വയ്ക്കാന്‍
ഒരു കവിത കൂടി ഞാന്‍ എഴുതി വയ്ക്കാം
എന്‍റെ കരളില്‍ നീയെത്തുമ്പോള്‍ ഓമനിക്കാന്‍

കനലായി നീ നിന്നെരിഞ്ഞൊരാ നാളില്‍
എന്നറകള്‍ നാലറകള്‍ നിനക്കായ് തുറന്നു
നറു പാല്‍ കുടം ചുമന്നെത്രയോ മേഘങ്ങള്‍
മനമാറുവോളം നിറമാരി പെയ്തു...
കറുകത്തടത്തിലെ മഞ്ഞിന്‍ കണം തൊട്ട്
കണ്ണെഴുതുമാ വയല്‍ കിളികള്‍
ഓളം തുഴഞ്ഞെത്തുമോടി വള്ളത്തിനെ
കാറ്റുമ്മ വച്ചൊന്നു പാടി..

ഒരു വിളിപ്പാടകലെ നില്ക്കും തൃസന്ധ്യകള്‍
അവിടെ കുട നിവര്‍ത്തുമ്പോള്‍...
ഒടുവിലെന്‍ രാഗത്തില്‍ നീയലിഞ്ഞുവോ
ഞാന്‍ ഒരു രാഗമായ് പൂ പൊഴിച്ചൂ..
നാട്ടു വെളിച്ചം വഴി വെട്ടിയിട്ടൊരീ
ഉഷമലരി പൂക്കുന്ന തൊടിയില്‍
മണ്‍ തരികള്റിയാതെ നാം നടന്നുവോ
രാവിന്‍ നീലവിരി നമ്മെ പൊതിഞ്ഞോ..

ഹൃദയാമാം ആകാശ ചെരുവിലാ താരകം
കണ്‍ ചിമ്മി നമ്മെ നൊക്കുമ്പോള്‍
ഒരു മാത്ര കൂടി നീ ഇവിടെ നിന്നാല്‍
ഞാന്‍ ജനി മൃതികള്‍ അറിയാതെ പോകും

ഒരു കവിത കൂടി ഞാന്‍ എഴുതി വയ്ക്കാം
എന്‍റെ കരളില്‍ നീയെത്തുമ്പോള്‍ ഓമനിക്കാന്‍
ഒരു മധുരമായെന്നും ഓര്‍മ്മ വയ്ക്കാന്‍..
ചാരു ഹൃദയാഭിലാഷമായ് കരുതി വയ്ക്കാന്‍

=================================================

Wednesday, September 3, 2008

ലയനം ------- നന്ദിത

നന്ദിത എന്ന ഈ കവയത്രി വരച്ച് കാട്ടിയിരിക്കുന്ന ഈ ഹൃദയ സംഭാഷണം, ഒരു കാമുകിയുടെ നഷ്ട സ്വപ്നങ്ങളുടെ ചിതയാണോ????

============================================================

എന്‍റെ വൃന്ദാവനം ഇന്നു
ഓര്‍മകളില്‍ നിന്നെ തിരയുകയാണു;
അതിന്‍റെ ഒരു കോണിലിരുന്നു
ഞാന്‍ നിന്നെ മറക്കാന്‍ ശ്രമിക്കുകയും
ഹൃദയവും മനസ്സും രണ്ടാണെന്നൊ ?

രാത്രികളില്‍ നിലാവു വിഴുങ്ങിതീര്‍ക്കുന്ന കാര്‍മേഘങ്ങള്‍;
നനഞ്ഞ പ്രഭാതങ്ങള്‍;
വരണ്ട സായാഹ്നങ്ങള്‍
ഇവ മാത്രമാണു
ഇന്നെന്‍റെ ജീവന്‍ പകുത്തെടുക്കുന്നെടുക്കുന്നത്
എനിക്കും നിനക്കുമിടയില്‍
അനന്തമായ അകലം.

എങ്കിലും നനുത്ത വിരലുകള്‍ കൊണ്ടു
നീയെന്‍റെ ഉള്ളു തൊട്ടുണര്‍ത്തുമ്പോള്‍
നിന്‍റെ അദൃശ്യമായ സാമീപ്യം ഞാനറിയുന്നു.

പങ്കു വയ്ക്കുമ്പൊള്‍
ശരീരം ഭൂമിക്കും
മനസ്സു എനിക്കും ചെര്‍ത്തു വച്ച
നിന്‍റെ സൂര്യ നേത്രം
എന്‍റെ ആകാശം നിറഞ്ഞു കത്തുകയാണ്
മനസ്സു ഉരുകിയൊലിക്കുമ്പൊള്‍
നിന്‍റെ സ്നേഹത്തിന്‍റെ നിറവു
സിരകളില്‍ അലിഞ്ഞു ചേരുന്നു

ഇപ്പൊള്‍ ഞാന്‍ മനസ്സിലാക്കുകയാണ്-
നിന്നെ മറക്കുകയെന്നാല്‍ മൃതിയാണെന്നു
ഞാന്‍, നീ മാത്രമാണെന്നു

Monday, June 25, 2007

എനിക്ക് വളരെയധികം ഇഷ്ടപെട്ട ഒരു പാട്ട്

കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ
കൊഴിഞ്ഞു പോയ കാലം കടലിനക്കരെ
ഓര്‍മ്മകളേ.. ഓര്‍മ്മകളെ നിന്നെയോര്‍ത്ത് തേങ്ങുന്നു ഞാന്‍
നിന്റെ ഓര്‍മ്മകളില്‍ വീണുടഞ്ഞു പിടയുന്നു ഞാന്‍

ദെവദാരു പൂത്തകാലം നീ മറന്നുവോ
ദേവതമാര്‍ ചൂടി തന്ന പൂ മറന്നുവോ
ദേവിയായി വന്നണഞ്ഞൊരെന്റെ സ്വപ്നമേ
ദേവ ലോകമിന്നെനിക്കു നഷ്ട സ്വപ്നമോ...

മഞ്ഞലയില്‍ മുങ്ങി വന്ന തിങ്കളല്ലയോ
തംമ്പുരുവില്‍ തങ്ങി നിന്ന കാവ്യമല്ലയോ
കരളിനുള്ളിലൂറി വന്നൊരെന്റെ സ്വപ്നമേ
കരയരുതേ എന്നെയോര്‍ത്ത് തേങ്ങരുതേ നീ


ഈ പാട്ട് ഏതു സിനിമയിലേതാണെന്നോ, ആരു പാടിയതാണെന്നോ എനിക്കറിയില്ല. ഒരു സുഹൃദ് സദസ്സില്‍ പാടി കേട്ടതാണ്. പാടിയവര്‍ക്കും നല്ല ഒരു പാട്ട് എന്നല്ലാതെ മറ്റൊന്നും അറിയില്ല. ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ ദയവായി പറഞ്ഞു തരുക...

Tuesday, December 5, 2006

ബൈക്കില്‍ കയറിയ യക്ഷി

എന്റെ ഡിഗ്രി പഠനം കോട്ടയം പുല്ലരിക്കുന്നിലുള്ള സ്റ്റാസ്‌ (സ്കൂള്‍ ഒഫ്‌ ടെക്നോളജി ആന്‍ഡ്‌ അപ്ലിയഡ്‌ സൈന്‍സെസ്‌) എന്ന കലാലയത്തിലണു.ഈ സ്കൂള്‍ ഒഫ്‌ ടെക്നോളജി ആന്‍ഡ്‌ അപ്ലിയഡ്‌ സൈന്‍സെസ് എന്നു പറയുബൊള്‍ കേള്‍ക്കാന്‍ ഒരു കിടുകിടുപ്പുണ്ട്‌ എങ്കിലും എന്റെ പഠനക്കാലത്ത്‌ കോളേജ്‌ ഒരു ശൈശവാവസ്ഥയിലായിരുന്നു.( ഇപ്പോഴും അതേ ഒരു യുവാവൊന്നും ആയിട്ടില്ല, ഒരു ബാലന്‍ എന്നു വേണേല്‍ പറയാം ).കോളേജിനു സ്വന്തമായി ഹോസ്റ്റെല്‍ ഇല്ലാത്തതിനാലും, ഏതെങ്കിലും വീട്ടില്‍ പേയിംഗ്‌ ഗസ്റ്റായി താമസിചാല്‍ നമ്മുടെ വീരചരിതങ്ങല്‍ വീട്ടില്‍ അറിയുമെന്നതിനാലും,ഞങ്ങള്‍ ഒരു വീടു വാടകയ്ക്കെടുത്തു.ഞങ്ങള്‍ എന്നു പറഞ്ഞാല്‍, ഞങ്ങള്‍ 7 പേര്‍. ഒരേ ക്ലാസ്സില്‍ പഠിയ്ക്കുകയും, ഏതാണ്ട്‌ ഒരേ സ്വഭാവം വച്ചു പുലര്‍ത്തുകയും ചെയ്യുന്ന 7 പേര്‍.

അങ്ങനെ ഞങ്ങളെ നിയന്ത്രിക്കന്‍ ഒരു വാര്‍ഡന്‍റേയും ആവശ്യമില്ല, ഞങ്ങള്‍ തന്നെ ധാരാളം, എന്നു ഊന്നി ഊന്നി പ്രഖ്യാപിച്ചു കൊണ്ടു, ഞങ്ങള്‍ അവിടെ സസുഖം വാണു പോന്നു.മേല്‍പറഞ്ഞ നിയന്ത്രണം നിയന്ത്രണാതീതമായ രീതിയില്‍ കൈമോശം വരികയും ഞങ്ങളെ നിയന്ത്രിക്കേണ്ടുന്ന ഉത്തവാദിത്ത്വം നാട്ടുകാര്‍ ഏറ്റെടുക്കുകയും ചെയ്യേണ്ടുന്ന സന്ദര്‍ഭങ്ങള്‍ ധാരാളം ഉണ്ടായതിനാല്‍, ചുരിങ്ങിയ കാലം കൊണ്ടു തന്നെ ഞങ്ങല്‍ ആ നാട്ടില്‍ സ്വന്തമായി ഒരു പേരെടുത്തു.സസുഖം വാഴുക എന്ന കാര്യത്തില്‍ ഒരു കൊമ്പ്രമൈസും ചെയ്യറില്ലത്തതിനാല്‍, വീട്ടില്‍ നിന്നും കിട്ടിയിരുന്ന ചില്ലറ എല്ല മാസവും 10-ആം തീയ്യതിയ്ക്കപ്പുറം പോകാറില്ലായിരുന്നു.അതു കൊണ്ടു തന്നെ 10 - 30 ഞങ്ങള്‍ക്കു കര്‍ക്കിടകമായിരുന്നു. ഈ തീയ്യതികളില്‍ ഒരു മാലാഖയെപ്പോലെ ഞങ്ങളുടെ കണ്ണീരൊപ്പിയിരുന്നതു അനീഷിന്റെ ചേച്ചിയയിരുന്നു.ചേച്ചി പാലക്കാട്ടാണു താമസം.വേള്‍ഡ്‌ ബാങ്ക്‌ ഇന്ത്യയെ സഹയിക്കും പോലെയനു ചേച്ചി ഞങ്ങളെ സഹായിച്ചിരുന്നത്‌. അതുകൊണ്ടു തന്നെ എല്ല മാസവും 20-ആം തീയ്യതിയോട്‌ അടുപ്പിച്ചു കോട്ടയത്തു നിന്നും അമൃത എക്സ്പ്രസ്സിന്‍റെ ജനറല്‍ കമ്പാര്‍ട്മെന്‍റില്‍ അനീഷിനെ കയട്ടി അയക്കുക എന്നെ കൃത്യം ഞങ്ങള്‍ കൃത്യമായും നിര്‍വ്വഹിച്ചിരുന്നു.അമൃത എക്സ്പ്രസ്സ്‌ രാത്രി 12.30 നു ആണ്‌ കോട്ടയത്തു എത്തുക.അതു കൊണ്ടു മേല്‍ പറഞ്ഞ വസ്തു(അനീഷ്‌) കോട്ടയം റെയില്‍വെ സ്റ്റേഷനില്‍ എത്തിക്കാന്‍ ഞങ്ങളുടെ കോളേജിലെ ജിത്തുവിന്‍റെ ബൈക്കാണ്‌ ഉപയോഗിച്ചിരുന്നത്‌.റെയില്‍വെ സ്റ്റേഷനിലും ബസ്സ്‌ സ്റ്റാന്‍ഡിലുമ്ന്‍ കാണുന്ന ചില ചേച്ചിമാരോട്‌ ചില ചേട്ടന്‍മാര്‍ക്കുള്ള മനോഭാവമാണ്‌ ആ ബൈക്കിനോട്‌ എല്ലാവരും വച്ചുപുലര്‍ത്തിയിരുന്നത്‌.അതായത്‌ പെട്രോല്‍ അടിക്കുന്ന ആര്‍ക്കും ഉപയോഗിക്കാം. പക്ഷെ സ്വന്തം സുരക്ഷയേക്കുറിച്ച്‌ സ്വയം ചിന്തിക്കണം.ചുരുക്കി പറഞ്ഞാല്‍ ബ്രേക്കില്ല, ലൈറ്റ്‌ ഉണ്ടോ എന്നു ചൊദിച്ചല്‍ ഉണ്ടായിരിക്കും, ബുക്ക്‌ പേപ്പര്‍ ഇവയെ പറ്റി കേട്ടിട്ട്‌ പോലുമില്ല.പക്ഷെ വിജയകരമായി മേല്‍പറഞ്ഞ വസ്തു പാലക്കാട്ടെത്തി തിരിച്ചുവന്നാലുള്ള കാര്യമോര്‍ത്ത്‌ ഞങ്ങല്‍ ആ റിസ്ക്‌ എടുത്തുപോന്നു.

അങ്ങനെ സാബത്തികനില ആകെ അവതാളമായിരുന്ന ഒരു രാത്രിയില്‍ ഞങ്ങല്‍ ആ വസ്തു കയറ്റി അയയ്ക്കുവാന്‍ തീരുമാനിച്ചു. ആ വസ്തു അമൃത എക്സ്പ്രസ്സിന്‍റെ ജനറല്‍ കമ്പാര്‍ട്മെന്‍റില്‍എത്തിക്കുക എന്ന ചുമതല എനിക്കും വന്നു ചേര്‍ന്നു. അങ്ങനെ രാത്രി 11-നു ഉള്ള ശുഭ മുഹൂര്‍ത്തത്തില്‍ ഞങ്ങള്‍ യാത്ര തുടങ്ങി. ഡ്രൈവിംഗ്‌ ലൈസെന്‍സ്‌ RTO പോയിട്ടു സ്വന്തം അച്ഛന്‍ പോലും തന്നിട്ടില്ല.അതായതു വണ്ടി ഓടിച്ചു എന്നു വീട്ടില്‍ അറിഞ്ഞാല്‍ ......എന്നലും പുറകിലിരിക്കുന്ന സാധനം പാലക്കാട്ടെത്തിക്കേണ്ടത്‌ എത്ര മാത്രം അത്യവശ്യമാണെന്ന്‌ അറിയാവുന്നത്‌ കൊണ്ടു മാത്രം ഞാന്‍ യാത്ര തുടര്‍ന്നു.ഏതായാലും കുഴപ്പമൊന്നുമില്ലാതെ സാധനം അമൃത എക്സ്പ്രസ്സിന്‍റെ ജനറല്‍ കമ്പാര്‍ട്ടുമെന്‍റിലാക്കിയ ശേഷം,ഞാന്‍ തിരിച്ചുള്ള എന്‍റെ യാത്ര തുടങ്ങി.

യാത്ര എന്നു പറയുപൊല്‍, എനിക്ക്‌ പോകേണ്ടതു കുടമാളൂര്‍ എന്ന സ്ഥലത്തേക്കാണ്‌. കൊട്ടയ്ത്തു നിന്നും ഒരു 10 km വരും. പക്ഷെ ഒരു പ്രശ്നമുണ്ട്‌. CMS കോളേജ്‌ കഴിഞ്ഞിട്ടുള്ള വളവ്‌ ചില തൊപ്പി വച്ച വായിനോക്കികളുടെ സ്ഥിരം സങ്കേതമാണ്‌. അവരാണേല്‍ ബൈക്കില്‍ വരുന്ന കാണാന്‍ കൊള്ളാവുന്ന ആമ്പിള്ളേരെ തടഞ്ഞു നിര്‍ത്തി ലൈസെന്‍സ്‌,ബുക്ക്‌,പേപ്പര്‍ തുടങ്ങിയ അനാവശ്യങ്ങള്‍ പറയും. അതുകൊണ്ടു തന്നെ എനിക്ക്‌ അവരെ വെറുപ്പായിരുന്നു.ഈ വായിനോക്കികളില്‍ നിന്നും രക്ഷപ്പെടാന്‍, സാധാരണ എന്നെപ്പോലുള്ളവര്‍ ചെയ്തിരുന്ന ഒരു വേലയുണ്ട്‌.CMS കോളേജിനു മുന്നിലെത്തുമ്പൊള്‍ കോളേജിന്‍റെ വഴിയിലേക്കു തിരിയുക, എന്നിട്ടു കോളേജ്‌ ഗേറ്റിനു മുന്നില്‍ നിന്നും ലെഫ്റ്റ്‌. നേരെ പോയല്‍ കോട്ടയം-പരിപ്പു റോഡിലെത്താം.റെയില്‍വെ സ്റ്റേഷനിലേക്കു പോയപ്പൊള്‍ ചുവന്ന ലൈറ്റ്‌ വച്ച ഒരു ജീപ്പ്‌ എതിരേ പോയതിനാല്‍ തിരിച്ചുവന്നപ്പോള്‍ ഞാന്‍ പതിവു രക്ഷാമാര്‍ഗ്ഗം സ്വീകരിച്ചു.പക്ഷേ ആ വഴിക്ക്‌ ഒരു കുഴപ്പമുണ്ട്‌.ഒരു സെമിത്തേരിയുടെ സൈഡിലൂടെ വേണം പോകാന്‍. എനിക്ക്‌ ഈ പ്രേതത്തിലൊന്നും ഒരു വിശ്വാസവുമില്ല. എങ്കിലും ഒറ്റക്കു രാത്രി ആ വഴി.... പേടിയൊന്നുമില്ല ... ഒരു.....ഏതായാലും മുന്നോട്ടു വച്ച കാല്‍ പിറകോട്ട്‌ എടുക്കാനാവില്ലല്ലോ. ഒന്നുമില്ലേലും എന്‍റെ തറവട്ടുകാര്‍ക്ക്‌ അതൊരു മോശമല്ലേ. ഞാന്‍ കോളേജ്‌ ഗേറ്റ്‌ കടന്ന്‌ ലെഫ്റ്റ്‌ തിരിഞ്ഞു, സെമിത്തേരി എത്താറായപ്പോള്‍ കണ്ടു. കണ്ണുകളെ വിശ്വസിക്കാനായില്ല. കണ്ണ്‌ തിരുമ്മി ഒന്നു കൂടെ നോക്കി.ശരിക്കും കണ്ടു. ഒരു സ്ത്രീ രൂപം. വെളുത്ത സാരി ചുറ്റി. അവര്‍ കൈ കാണിച്ച്‌ വണ്ടി നിറുത്തുവാന്‍ ആംഗ്യം കാട്ടുന്നു.ഞാന്‍ അറിയാതെ ദൈവത്തെ വിളിച്ചു പോയി.എന്‍റെ കാര്യം ഇങ്ങനെയാണോ ഈശ്വരാ നീ തീരുമാനിച്ചിരിക്കുന്നത്‌.ഇതു അന്യായമാണ്‌. യക്ഷികള്‍ നടന്നു പോകുന്നവരേയല്ലേ തിന്നാവൂ, ബൈക്കില്‍ പോകുന്നവരെ വെറുതെ വിടേണ്ടേ.മാത്രമല്ല യക്ഷികള്‍ സ്ത്രീ ലമ്പഡന്മാരെ വേണ്ടേ പിടിക്കാന്‍.കാര്യം ഞാന്‍ റ്റി.ജി. രവി, ബാലന്‍.ക.നായര്‍ തുടങ്ങിയവരുടെ ഒരു ആരാധകനാണ്‌ ഞനെങ്കിലും, ഞാന്‍ ആ ടയ്പ്പല്ല എന്നു ഈ യക്ഷിയെ എങ്ങനെ മനസ്സിലാക്കും.ഏതായാലും ഞാന്‍ ഒരു കാര്യം തീരുമാനിച്ചു, എന്തു വന്നാലും ബൈക്ക്‌ നിറുത്തുന്ന പ്രശ്നമില്ല. അത്ര എളുപ്പത്തില്‍ എന്നെ തിന്നേണ്ട, വേണേല്‍ ഒടിച്ചിട്ടു പിടിച്ചു തിന്നോ. ഞാന്‍ തീരുമാനിച്ചതും ബൈക്ക്‌ നിന്നതും ഒരുമിച്ചാണോ അതോ ബൈക്ക്‌ നിക്കുകയാണോ ആദ്യം ചെയ്തതു എന്നു ഓര്‍മ്മയില്ല, പക്ഷെ ബൈക്ക്‌ നിന്നു എന്നതു സത്യം.ബൈക്കു നിന്നതും ഞാന്‍ കിക്ക്‌ ചെയ്യാന്‍ തുടങ്ങി. ബൈക്കിനെ പറ്റി ഞാന്‍ ആദ്യമേ തന്നെ പറഞ്ഞായിരുന്നലോ. സ്റ്റര്‍ട്‌ ആവുക പോയിട്ടു കിക്കര്‍ താഴുക പോലും ചെയ്യുന്നില്ല. അപ്പോഴേക്കും യക്ഷി എന്‍റെ നേരെ നടക്കാനും തുടങ്ങി.ഞാന്‍ സൂക്ഷിച്ചു നോക്കി. ആദ്യമായി ( ഒരു പക്ഷെ അവസാനമായും ) ഒരു യക്ഷിയെ കാണുകയാണ്‌.പറഞ്ഞു കേട്ട പോലെയല്ലല്ലോ. നിലത്തിഴയുന്ന മുടി എന്നു പറഞ്ഞിട്ടു അരയ്ക്കൊപ്പമെയുള്ളല്ലോ. ഭഗവാനേ അവിടുന്നു എതയാലും എന്‍റെ കാര്യം ഇങ്ങനെ തീരുമാനിച്ചു, എന്നാ പിന്നെ ഒരു ലക്ഷണമൊത്ത യക്ഷിയെ തന്നെ വിടാമായിരുന്നില്ലേ.അല്ലേലും യക്ഷി പിടിച്ചു മരിച്ചു എന്നു പറഞ്ഞാല്‍ എന്‍റെ കന്യകത്ത്വത്തെ പറ്റി നാട്ടുകാര്‍ എന്തു കരുതും. കൊള്ളവുന്ന ഏതേലും കല്യാണ ആലോചന വരുമോ എനിക്ക്‌. അല്ലേലും ചത്തതിനു ശേഷം കല്യാണം കഴിച്ചിട്ടെന്തിനാ. ഏന്നാലും ഞാന്‍ മരിച്ചാല്‍ എന്‍റെ അമ്മ.. ദൈവമേ നീ ഇത്ര ദുഷ്ടനോ??

അപ്പോഴേക്കും യക്ഷി എന്‍റെ മുന്‍പില്‍ വന്നു നിന്നു. ചുണ്ണാമ്പ്‌ ചോദിക്കാനായിരിക്കും. തരാമെടീ.. നിനക്കു ചുണ്ണാമ്പു മാത്രമല്ല, പുകയിലയും തരാം. എതിലേ ഓടണം എന്നു ഞാന്‍ ചുറ്റും നോക്കിയപ്പോള്‍ ഒരു വിളി കേട്ടു..

മോനേ..

ഭഗവാനേ മരണത്തിനു മുന്നില്‍ നില്‍ക്കുമ്പോഴും ഭൂമിയിലെ ബന്ധങ്ങള്‍ എന്നെ മാടി വിളിക്കുന്നോ?ഇതായിരുക്കും എല്ലാവരും പറയുന്നെ മാതൃത്ത്വം ഒരു സംഭവമാണെന്നു.കണ്ടില്ലേ ഞാന്‍ മരിക്കാന്‍ പോകുന്നെന്നറിഞ്ഞ്‌ അമ്മയുടെ മനസ്സ്‌ എന്നെ വിളിക്കുന്നതു. അമ്മേ.... വിഷമിക്കരുത്‌.... മരണം മാറ്റാനാവാത്ത ഒരു സത്യമാണ്‌. മോനേ.. പിന്നെയും വിളിക്കുന്നു.. അമ്മയല്ലേ.. യക്ഷിയാണോ.... ഇതെന്തു യക്ഷി? പ്രാണനാഥാ.. എന്നതിനുപകരം.. ഈ യക്ഷികള്‍ സ്റ്റൈല്‍ മാറ്റിയോ? ഇപ്പോള്‍ മാതൃത്ത്വം അഭിനയിച്ചാണോ കൊല്ലാറ്‌? അതോ ഇനി വല്ല പുതിയ ബ്രീഡ്‌ യക്ഷിയുമാണോ?

മോന്‍ കൊചുകൊട്ടാരത്തിലല്ലേ താമസം? എന്‍റെ വീടു അതിനു കുറച്ചു മുന്‍പാണ്‌.

അതിനു ആ അരീയായില്‍ പനയൊന്നും ഇല്ലല്ലോ? ഇനി ഈ ബ്രീഡ്‌ യക്ഷികല്‍ വേറെ വല്ല മരത്തിലുമാണോ താമസം?

മോന്‍ ഒരു ഉപകാരം ചെയ്യണം. വീട്ടിലേക്കാണേല്‍ എന്നെയും ഒന്നു കൊണ്ടു വിടണം. ഞാന്‍ ഭര്‍ത്താവിന്‍റെ കൂടെ ഒരു കല്യാണവീട്ടില്‍ പോയി വരുന്ന വഴിയായിരുന്നു. പുള്ളിക്കാരന്‍ കുറച്ചു കഴിച്ചിട്ടുണ്ടായിരുന്നു, ഇടയ്ക്ക്‌ ഞങ്ങള്‍ തമ്മില്‍ ഒരു വാക്കു തര്‍ക്കം വന്നപ്പോള്‍ എന്നെ ഇവിടെ ഇറക്കി വിട്ടതാണു.

ഈ ഗന്ധര്‍വന്മാര്‍ ഇങ്ങനെയൊക്കെ ചെയ്യുമോ? വെള്ളമടിച്ചാല്‍ എന്തു മനുഷ്യന്‍ എന്തു ഗന്ധര്‍വന്‍? ഒരു പക്ഷേ പിണങ്ങിയിരിക്കുന്ന ഗന്ധര്‍വന്‍ ഭര്‍ത്താവിന്‌ എന്നെ ഫ്രൈ ചെയ്തു കൊടുത്തു ദാമ്പത്യ കലഹം പരിഹരിക്കാന്‍ ആയിരിക്കും. നടക്കില്ല മോളേ.. വേണ്ട എന്നു പറയാന്‍ ഞാന്‍ വാ തുറന്നതും,

എന്നാ മോന്‍ വണ്ടി സ്റ്റാര്‍ട്‌ ആക്ക്‌. സമയം കളയാതെ നമുക്കു പോകാം.

ഈശ്വരാ, എന്തു പരീക്ഷണം? ഞാന്‍ പിന്നേയും കിക്ക്‌ ചെയ്യാന്‍ തുടങ്ങി.

ചിലപ്പോള്‍ റിസര്‍വ്‌ ആയതായിരിക്കും, മോനൊന്നു നോക്കിയേ..

ഓ ഭര്‍ത്താവു ഗന്ധര്‍വനു ബൈക്ക്‌ ഉണ്ടെന്നല്ലേ പറഞ്ഞതു? അപ്പോ അത്ഭുതപ്പെടനൊന്നുമില്ല.ബൈക്ക്‌ സ്റ്റാര്‍ട്‌ ആയതും ഞാന്‍ തല പൊക്കി നോക്കി യക്ഷിയെ കാണാനില്ല. ദൈവമേ രക്ഷപ്പെട്ടു.

എന്നാ പോകാം അല്ലേ?

ഓ പുറകിലുണ്ടായിരുന്നോ? ഇതായിരിക്കും വിധി എന്നൊക്കെ പറയുന്നതു.. എതായലും ഞാന്‍ വണ്ടി എടുത്തു.ബൈക്ക്‌ കുറച്ചു നീങ്ങിയതും എന്‍റെ കഴുത്തില്‍ കിടന്ന തോര്‍ത്ത്‌ മുറുകുന്നുണ്ടോ എന്നൊരു സംശയം, എതായാലും ഞാന്‍ തോര്‍ത്തെടുത്തു കടിച്ചു പിടിച്ചു. രക്ഷയില്ല അവര്‍ ചോര കുടി തുടങ്ങി.. കഴുത്തില്‍ നീറ്റല്‍ അനുഭവപ്പെടുന്നുണ്ട്‌.ഞാന്‍ ഒഴുകിവന്ന ചോര തൊര്‍ത്തു കൊണ്ടു തുടയ്ക്കന്‍ ശ്രമിച്ചു.

തൊര്‍ത്തു പറന്നു പോകാതെ ഞാന്‍ പിടിക്കാം.

വേണ്ട എന്നു പറയാന്‍ പോലും കഴിയുന്നില്ലല്ലോ ദൈവമേ.

ജങ്ക്ഷന്‍ എത്തി, വലത്തോട്ട്‌ തിരിയണം. തിരിക്കാന്‍ പറ്റുന്നില്ല.. ചോര ഒരുപാട്‌ പോയിരിക്കും, കൈകളുടെ സ്വധീനം നഷ്ടപെട്ടിരിക്കും.

മോനേ തിരിയുന്നില്ലേ...

ഒരു കണക്കിനു തിരിച്ചു. നാളെ എന്‍റെ ശവം എല്ലവര്‍ക്കും തിരിച്ചരിയാനാകുമോ?എങ്ങനെ അറിയാന്‍? പല്ലും നഖവും മാത്രമലേ ഇവര്‍ ബാക്കി വയ്ക്കൂ? പറയാന്‍ പറ്റില്ല, ശാസ്ത്രം ശരിക്കും പുരോഗമിച്ചില്ലേ, ചിലപ്പോള്‍ തിരിച്ചറിഞ്ഞതിനു ശേഷം ഏഷ്യനെറ്റിലെ കണ്ണാടിയിലും മറ്റും യക്ഷി പിടിച്ച യുവാവിനേ കുറിച്ചു വരുമായിരിക്കും.

ദാ ആ കാണുന്ന ഗേറ്റിനു മുന്‍പില്‍ നിറുത്തിയാല്‍ മതി.. അതാ എന്‍റെ വീടു.

ദൂരെ ഒരു ഗേട്ടില്‍ വെട്ടം കണ്ടു. അപ്പൊ അതാണു യക്ഷിയുടെ പന. ഇരയെ കൊണ്ടുവരുമ്പൊല്‍ പന മണിമാളികയാക്കും എന്നു കെട്ടിട്ടുണ്ട്‌. എന്തു മണി മാളിക ഇതൊരു സാധാരണ വീടാണല്ലോ. അല്ലേലും ഈ യക്ഷി ഒരു കഞ്ഞിയാ.. ബൈക്കു നിറുത്തിയതും, ഒരലര്‍ച്ച കേട്ടു. ദൈവമേ ഗന്ധര്‍വന്‍.

ഭ്ഭ ^%$&^%&% മൊളെ, നിന്നൊടു ഇനി ഈ വീട്ടിലെക്കു വരരുതെന്നു പറഞ്ഞല്ലെടീ ഞാന്‍ നിന്നെ ഇറക്കിവിട്ടത്‌

യക്ഷി അതിനുള്ള മറുപടി പറയുന്നതു കേള്‍ക്കാന്‍ നില്‍ക്കാതേ ബാക്കിയുണ്ടായിരുന്ന ചോരയും കൊണ്ടു വണ്ടി എടുത്ത ഞാന്‍ പിന്നെ ശ്വാസം വിട്ടതും വണ്ടി നിറുത്തിയതും ഞങ്ങളുടെ വീട്ടിലെത്തിയതിനു ശേഷമാണ്‌.

വാല്‍കഷണം

പിന്നീടു ബസ്സ്‌ സ്റ്റോപ്പിലും മറ്റും വച്ചു ഞാന്‍ ഈ യക്ഷിയേയും ഗന്ധര്‍വനേയും കണ്ടിട്ടുണ്ടെങ്കിലും, ഞാന്‍ അങ്ങൊട്ടോ അവര്‍ ഇങ്ങോട്ടൊ ഒരു പരിചയവും കാട്ടിയിട്ടില്ല

Wednesday, November 29, 2006

ഒരാള്‍ കൂടി

മലയാള ഭാഷയെ സ്നേഹിക്കുകയും മലയാളിയായതില്‍ അഭിമാനിക്കുകയും ചെയുന്ന ഒരു പറ്റം മലയാളികളൊട്‌ കൂട്ടു കൂടാന്‍ ആഗ്രഹിക്കുന്ന ഒരു മലയാളി കൂടി. ആനുഗ്രഹിക്കൂ.. കൂടെ ചെര്‍ക്കൂ